Pages

Tuesday, February 5, 2013

പ്രവാചക സ്നേഹം ?

     മുഹമ്മദ് മുസ്തഫാ (സ) ഈ ലോകത്തിന്ന് അനുഗ്രഹമായി അള്ളാഹു ഭൂമിയിലേക്ക് നിയോഗിച്ച, ഈ ലോകത്ത് എല്ലാവർക്കും മാതൃകയായ അവസാനത്തെ പ്രവാചകൻ. തന്റെ സമുദായത്തിന്   ഇഹപര ലോകങ്ങളിൽ ഗുണം ലഭിക്കുന്ന ഒന്നുംതന്നെ മറച്ച് വെക്കാത്ത പ്രവാചകൻ. ഏകനായ അള്ളാഹുവിനെ (ദൈവത്തെ) മാത്രമെ ആരാധിക്കാവൂ എന്നും അവനാണ് ആകാശത്ത് നിന്നും നിങ്ങൾക്ക് മഴ വർഷിപ്പിച്ച് തരുന്നെതെന്നും നിങ്ങളേയും നിങ്ങൾക്ക് മുമ്പ് ഉള്ളവരേയും പടച്ച് പരിപാലിക്കുന്നവൻ അവൻ മാത്രമാണ് എന്നും ലോകത്തിന്ന് പഠിപ്പിച്ച പ്രവാചകൻ. തന്നിൽ അർപ്പിക്കപ്പെട്ട മുഴുവൻ രിസാലത്തും ഇരുപത്തി മൂന്ന് വർഷത്തെ  ജീവിതം കൊണ്ട്  പ്രായോഗികമായി ജീവിച്ച് കാണിച്ച് സ്വന്തം അനുയായികൾക്ക് പകർന്ന് നൽകിയ പ്രവാചകൻ. ദിവ്യ ബോധനത്തിന്റെ അടിസ്ഥാനത്തിൽ മാത്രം സംസാരിക്കുന്ന പ്രവാചകൻ. വഴിയിലെ തടസ്സങ്ങൾ നീക്കുന്നത് വിശ്വാസത്തിന്റെ അംശമാണെന്ന് പഠിപ്പിച്ച പ്രവാചകൻ. നിന്ന് കൊണ്ട് തിന്നുകയും കുടിക്കുകയും ചെയ്യരുത് എന്ന് പഠിപ്പിച്ച പ്രവാചകൻ. തന്റെ സഹോദരനെ കുറിച്ച് ഇല്ലാത്തത് പറഞ്ഞാൽ അത് കളവാണെന്നും, അത് പോലെതന്നെ പരദൂഷണവും, ഏഷണിയും ഈ  സമുദായത്തിന്ന് നിഷിദ്ധം ആണെന്ന് പഠിപ്പിച്ച പ്രവാചകൻ. ഒരു വിശ്വാസിയായ മനുഷ്യൻ രാവിലെ ഉറക്കത്തിൽ നിന്നും എഴുന്നേറ്റ്  രാത്രി കിടക്കുന്നത് വരെ (എന്തിനേറെ, സ്വന്തം ഇണയോടൊപ്പം കിടപ്പറ പാലിക്കേണ്ട മാന്യതയും മര്യാദയും വരെ ) എങ്ങനെ വർത്തിക്കണമെന്ന് വിശ്വാസിയെ പഠിപ്പിച്ച പ്രവാചകൻ. കൈവിരലുകളിലെ നഖങ്ങൾ എങ്ങിനെ പരിപാലിക്കണമെന്ന് പഠിപ്പിച്ച പ്രവാചകൻ. ചുരുക്കി പറഞ്ഞാൽ ഒരു വിശ്വാസി തന്റെ മാതാവിന്റെ ഉദരത്തിൽ നിന്നും ഭൂമിയിലേക്ക് പ്രവേശിക്കുന്ന നിമിഷം മുതൽ അവന്റെ ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും അനുവർത്തിക്കേണ്ടതും, അനുഷ്ടിക്കേണ്ടതും, അവന്റെ മരണ ശേഷം ചെയ്യേണ്ട ക്രിയകളും പ്രാർത്ഥനകളും വരെ പഠിപ്പിച്ച പ്രവാചകൻ . അങ്ങിനെ ഒരു മനുഷ്യ ജീവിതത്തിന്റെ സമസ്ഥ മേഖലയിലേക്കും ഇസ്ലാമിന്റെ സ്പർശനങ്ങളും നിയമങ്ങളും കാണിച്ച് തന്ന് ഈ ലോകത്തിന്ന് മാതൃകയായ പ്രവാചകൻ.

      അങ്ങനെയുള്ള ആ പ്രവാചകൻ (സ) തന്റെ അവസാനത്തെ വിടവാങ്ങൽ പ്രസംഗത്തിൽ ലക്ഷകണക്കിന്ന് അനുയായികളെ സാക്ഷികളാക്കി ഈ മതത്തിന്റെ പൂർത്തീകരണം നടത്തിയപ്പോൾ ഈ മതം പൂർണ്ണമാക്കി തന്നിരിക്കുന്നു എന്നതിന്ന് ലക്ഷകണക്കിനു വരുന്ന സഹാബാക്കൾ (അനുചരന്മാർ) സാക്ഷ്യം നെൽകിയപ്പോൾ ഒരാൾക്ക് പോലും ഈ മതത്തിൽ പോരായ്മ ഉള്ളതായി തോനിയതായി രേഖപ്പെടുത്തപ്പെട്ടില്ല എന്നതാണ് സത്യം.

     രണ്ട് കാര്യങ്ങൾ നിങ്ങൾക്ക് ഞാൻ വിട്ടേച്ച് പോകുകയാണെന്നും അതു രണ്ടും ആരെങ്കിലും പിൻപറ്റുകയും പ്രാവർത്ഥികമാക്കുകയും ചെയ്താൽ  അവൻ വിജയിച്ചു എന്നും, ഇതിനെ ആരെങ്കിലും തള്ളികളയുകയാണെങ്കിൽ  അവൻ പരാജിതനാവും എന്നും ഇതിലേക്ക് പുതുതായി ഒന്നും കൂട്ടാനോ കുറക്കാനോ ആർക്കും അവകാശമോ അവസരമോ ഇല്ല എന്നും, ഇനി പുതുതായി വരുന്നതെല്ലാം പുത്തൻ വാദവും, എല്ലാ പുത്തൻവാദവും വഴി പിഴച്ചതാണെന്നും, എല്ലാ വഴി പിഴച്ചതും നരകത്തിലാണെന്നും പ്രവാചകൻ പറഞ്ഞത്  വിസ്മരിക്കപ്പെടാൻ ഒരു വിശ്വാസിക്കും പറ്റില്ല. എന്നാൽ കാര്യങ്ങൾ ഇങ്ങനെ ഒക്കെയാണെങ്കിലും ആ പ്രവാചകന്റെ സമുദായത്തിന്ന് ഇന്ന് എന്ത് സംഭവിച്ചു?. ഈ സമുദായം ഇന്ന് എവിടെ എത്തി നിൽക്കുന്നു. ഒരു കാലം വരാനിരിക്കുന്നു, ആകാലം വന്നാൽ എന്റെ സമുദായം ചാണിന്ന് ചാണായും മുഴത്തിന് മുഴമായും മറ്റ് സമുദായത്തെ അനുകരിക്കുന്നവരായിരിക്കും എന്ന് പ്രവാചക വാക്യം ഇന്ന് നമ്മുക്ക് സ്മരിക്കാം...

   ദു:ഖകരമെന്ന് പറയട്ടെ,  ഈ സമുദായത്തിന്ന് ഇന്ന് ഈ പ്രവാചക ചര്യയിൽ നിന്നും  എത്രത്തോളം അകലാൻ പറ്റുമോ അത്രത്തോളം അകന്നിരിക്കുന്നു, എന്ന് പറയുന്നില്ല. പകരം ഈ പൗരോഹിത്യം അകറ്റിമാറ്റിയിരിക്കുന്നു എന്നതാണ് വാസ്ത്ഥവം. പൗരോഹിത്യം അല്ലങ്കിൽ പുരോഹിത വർഗ്ഗം എന്നൊക്കെ കേൾക്കുംബോൾ ഇന്ന് ഈ സമുദായത്തിലെ പണ്ഡിതന്മാർ എന്ന് സ്വയം വിശേഷിപ്പിക്കുന്നവർക്ക് എന്തോ അലർജി ഉള്ളത് പോലെയാണ്. പലപ്പോയും പല പ്രസംഗങ്ങളിലും അവർ അതിനെ വിമർശിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതും കാണാറുണ്ട്. എന്നാൽ ഇത് ഈ സമുദായത്തിലെ പണ്ഢിതന്മാരെ അപകീർത്തി പെടുത്താനോ നിന്ദിക്കാനോ വേണ്ടി മന:പൂർവ്വം കണ്ടത്തിയ ഒരു കുലംകുത്തി പ്രയോഗം അല്ല. പകരം ഈ മതത്തിലേക്ക് പുതുതായി പലതും കൊണ്ട് വരാനും അതിനെ സ്ഥിതീകരിക്കുവാനും ന്യായീകരിക്കുവാനും പള്ളി മിഹ്റാബുകൾ ഉപയോഗപ്പെടുത്തുമ്പോൾ, ഏക ദൈവ വിശ്വാസത്തിൽ ഊട്ടി ഉറപ്പിച്ച ഈ മതത്തിൽ വ്യതിചലങ്ങൾ സംഭവിക്കുമ്പോൾ  അതിനെ കണ്ടില്ലെന്ന് നടിക്കുകയും, അതിനെതിരെ  ഒരു വാക്കു പോലും ശബ്ദിക്കാൻ പള്ളി മിംബറുകളോ മിഹ്റാബുകളോ ഉപയോഗപ്പെടുത്താതെ, തുച്ചമായ ചില്ലറ ലാഭങ്ങൾക്കും വ്യക്തി താല്പര്യങ്ങൾക്കും വേണ്ടി ഘോരഘോരം പ്രസംഗിക്കുവാനും തയ്യാറാകുന്ന ഈ സമുദായ പണ്ഡിതന്മാരെ പുരോഹിതന്മാർ എന്ന് പറയുന്നെങ്കിൽ അല്ലങ്കിൽ പുരോഹിത വർഗ്ഗം എന്ന് പറയുന്നെങ്കിൽ ആശങ്കപ്പെടാനില്ല.

   ഇന്ന് ഈ നാട്ടിൽ നടക്കുന്ന സമകാലീക സംഭവങ്ങളെത്തന്നെ നമുക്ക് ഒന്ന് നിരീക്ഷിക്കാം. ഇസ്ലാമിന്റെ അടിസ്ഥാന തത്വങ്ങളിൽ നിന്നും എത്രത്തോളം വ്യതിചലിച്ചിരിക്കുന്നു എന്ന് മനസ്സിലാക്കാൻ അത് ഉപകരിച്ചേക്കാം. ഉദാഹരണമായി പറഞ്ഞാൽ ഇന്ന് നാം കാണുന്ന നബിദിനം, അല്ല നബിദിനങ്ങൾ. എന്നാണ് നബിദിനം എന്നത് ഇത് കൊണ്ടാടുന്നവർക്ക് പോലും ഉറപ്പില്ലാതായിരിക്കുന്നു. റബീഉൽ അവ്വൽ മാസം മുഴുവൻ നബിദിനങ്ങളാണ്. ഒരു ദിവസം പോലും ഒഴിവ് കാണില്ല. ചരിത്രത്തിന്റ അടിസ്ഥനത്തിൽ നോക്കിയാൽ നബി (സ) ജനിച്ചത് ഏത് ദിവസമാണെന്നതിൽ ഏകാഭിപ്രായം ഇല്ല എന്നതാണ് വാസ്ഥവം. റബീഉൽ അവ്വൽ 8,12,17,23...എന്നിങ്ങനെ പോകുന്നു ആ അഭിപ്രായങ്ങൾ. ഇനി ജനനം ഏത് ദിവസം ആയാലും പ്രവാചക തിരുമേനി (സ) ഈ ലോകത്തോട് വിടപറഞ്ഞത് ഒരു റബീഉൽ അവ്വൽ മാസം 12 ആയിരുന്നു എന്ന കാര്യത്തിൽ ചരിത്രത്തിൽ ഭിന്നതകളില്ല. അത് കൊണ്ട് തന്നെ ആയിരിക്കാം പ്രവാചകന്റെ ജന്മദിനത്തിന്റെ പേരിൽ നടമാടുന്ന സർവ്വ അനാചാരങ്ങൾക്കും ഈ ദിവസം തന്നെ കൂടുതൽ പേരും തെരഞ്ഞടുക്കപ്പെട്ടത്. പ്രവാചക മതൃകയില്ലാത്ത, വിശ്വാസികളുടെ മാതാക്കളായ പ്രവാചക പത്നിമാർക്ക് പരിചയമില്ലാത്ത, കുലഫാഉ റാഷിദീങ്ങൾക്ക്  അറിയാത്ത താബിഈങ്ങളും, താബിഈ താബിഈങ്ങളും കണ്ടിട്ടില്ലാത്ത, ഈ ജന്മദിനാഘോഷം എങ്ങിനെ ഇസ്ലാമിലേക്ക് കടന്നു വന്നു?. ശിയഈ പ്രസ്ഥാനത്തിൽ നിന്നും കടമെടുത്ത ഈ അനാചാരം മുമ്പെങ്ങുമില്ലാത്ത വിധം ഈ സമുദായത്തിലെ ചെറുപ്പക്കാരുടെ സിരകളിൽ കുത്തിവെക്കപ്പെട്ടിരിക്കുന്നു എന്ന് തോന്നിപോകുന്നു. ചെറുപ്പക്കാരേയും യുവാക്കളെയും ഇതിലേക്ക് ആകർഷിപ്പിക്കുന്നതിന്ന് വേണ്ടി ഏത് അറ്റം വരെയുള്ള വിട്ട് വീഴ്ചകൾക്കും ഈ സമുദായ മേലദ്ധ്യക്ഷന്മാരും, പണ്ഢിതന്മാരും തെയ്യാറാണെന്നതിൽ കൂടുതൽ തെളിവുകൾ ആവ്ശ്യമില്ല. ഇതിന്റെ പേരിൽ പ്രത്യക്ഷപ്പെടുന്ന അൽപ്പം പോസ്റ്ററുകൾ മാത്രം മതിയാകും ഇത് എത്രത്തോളം അത:പതിച്ചിരിക്കുന്നു എന്ന് മനസ്സിലാക്കാൻ.

   ഇന്ന് നബിദിനാഘോഷത്തിന്റെ പേരിൽ നടത്തുന്ന ഘോഷയാത്രകളും, റാലികളും, നബിദിനമനുഷ്യജാലികയും, നബിദിന ഇശൽ നിലാവും, നബിദിന ബുർദ്ദാ അസ്വാദനവും,തുടങ്ങി നബിദിന ദഫ്ഫ്, ബേന്റ് , കോൽകളി, അറബനകളി,കളരി, കരാട്ടെ വരെ നടു റോഢിൽ വഴി യാത്രക്കാരേയും വാഹനങ്ങളേയും തടഞ്ഞ് നിർത്തി മനുഷ്യന്റെ സ്വൈര വിഹാരങ്ങൽക്ക് പോലും തടസ്സം വരുത്തി, ആടിയും പാടിയും തിന്നും കുടിച്ചും  നടത്തുന്ന ഈ ആഭാസത്തരം പ്രവാചകന്റെ പേരിൽ എഴുതി ചേർത്ത്കൊണ്ട്  ഉൽസവമാക്കി മാറ്റുംബോൾ ഇതിനെന്തെങ്കിലും മാതൃക ഇസ്ലാമിലുണ്ടോ എന്ന് ഒരു നിമിഷം ചിന്തിച്ചിരുന്നെങ്കിൽ എത്ര നന്നായേനെ. വഴിയിലെ തടസ്സം നീക്കൽ  വിശ്വാസത്തിന്റെ അംശമാണെന്ന് പഠിപ്പിച്ച ഈ പ്രവാചകന്റെ സമുദായം തന്നെ ഇന്ന് ആ പ്രവാച്കന്റെ പേരിൽ റാലിയും, ഘോഷയാത്രയും നടത്താൻ മാനവികരേയും വാഹനങ്ങളേയും റോഡ്‌കളിൽ നിരത്താൻ പള്ളി മിഹ്റാബുകളിൽ നിന്നും ആത്ഞാപിക്കുന്ന പണ്ഡിതന്മാർ ഒരു നിമിശമെങ്കിലും പ്രവാചകന്റെ ആ വാക്യം ഒന്ന് ഓർത്തിരുന്നെങ്കിൽ?. വലത്തെ കയ്യിൽ കൊടിയും പിടിച്ച്, ഇടത്തെ കയ്യിൽ പായസ ക്ലാസും പിടിച്ച്  ജാഥയുടെ മുന്നിൽ പായസത്തിന്റെ രുജി ആസ്വദിച്ച് ചിരിച്ച് കൊണ്ട് നടന്ന് നീങ്ങുന്ന വലിയ തലയിൽ കെട്ടുക്കാരെ നാടിന്റെ നാനാഭാഗത്തും നമ്മൾ കാണുകയുണ്ടായി. വലത് കൈകൊണ്ട് തിന്നുകയും കുടിക്കുകയും ചെയ്യുക എന്ന് പഠിപ്പിച്ച പ്രവാചകന്റെ സമുദായത്തിലെ ഈ പണ്ഡിതന്മാരെ കാണുമ്പോൾ പ്രവാചകന്റെ മറ്റൊരു വാക്യം ഓർത്തുപോകുന്നു, അവസാന കാലത്ത് ഭൂമിയിലെ ഏറ്റവും നിക്രഷ്ട ജീവികൾ ഈ സമുദായത്തിന്റെ പണ്ഡിതന്മാരയിരിക്കും എന്ന വാക്യം. ചുരുക്കത്തിൽ ഈ ഒരറ്റ സംഭവം തന്നെ മതി നമ്മുക്ക് ഈ സമുദായം ഇസ്ലാമിന്റെ ആശയാദർശത്തിൽ നിന്നും തെന്നി പോകുന്നു എന്ന് മനസ്സിലാക്കാൻ.

    എന്നാൽ പ്രവാചകനെ നമ്മൾ സ്നേഹിക്കണം എന്ന കാര്യത്തിൽ ആർക്കെങ്കിലും തർക്കമുണ്ടാകും എന്ന് തോനുന്നില്ല. വെറുതെ സ്നേഹിച്ചാൽ പോര, പകരം സ്വന്തം ശരീരത്തേക്കാൾ, മക്കളെക്കാൾ, സ്വന്തംഇണയെക്കാൾ, മാതപിതാക്കളെക്കാൾ, സമ്പത്തിനെക്കാൾ,  ഒക്കെ കൂടുതൽ നമ്മൾ പ്രവാചകനെ സ്നേഹിക്കണം. എന്നാലെ സ്വർഗ്ഗത്തിന്റെ അവകാശികളാവാൻ അർഹതയുള്ളൂ എന്നതിലും തർക്കമില്ല. പക്ഷെ എങ്ങിനെയാണ് ആ സ്നേഹം?. ആരുടെ മതൃകയാണ് നമ്മുക്ക് അതിന്ന് തിരഞ്ഞെടുക്കാൻ പറ്റുക?. പ്രവാചകന്റെ അനുചരന്മാരുടേയും സഖാക്കളുടേയും മതൃക മാത്രമാണ് ഒന്നാമതായി നമ്മൾ അതിന്ന് മുന്നിൽ വെക്കേണ്ടത് എന്നതിൽ  സംശയത്തിന്ന് അവസരമില്ലല്ലോ?. അവർ എങ്ങിനെയാണ് പ്രവാചകനെ സ്നേഹിച്ചത്?.അവരോട് എങ്ങിനെയാണ് പ്രവചകൻ തങ്ങളെ സ്നേഹിക്കാൻ പഠിപ്പിച്ചത്?. പ്രവാചകൻ ഈ ലോകത്തോട് വിട പറഞ്ഞ ദിവസത്തിൽ ഘോഷ യാത്രയും, റാലിയും, പാട്ടും ,ഢാൻസും ഒക്കെയായ് റോഢിലൂടെ പ്രകടനം നടത്താനാണോ പറഞ്ഞത്?. അതല്ല പ്രവാചകന്റെ അനുചരന്മാർക്ക് പ്രവാചകനോട് സ്നേഹമില്ലായിരുന്നു എന്ന അഭിപ്രായം ആർക്കെങ്കിലും ഉണ്ടോ?.

      "അനുസരണയിലൂടെ ഉള്ള സമർപ്പണം" അതായിരുന്നു സഹാബാ കിറാമിന്റെ ചര്യ.. പ്രവാചകന്റെ വാക്കുകളിൽ അവർക്ക്  സംശങ്ങൾ ഇല്ലായിരുന്നു. അൽ അമീനായ പ്രവാചകൻ ഒരിക്കലും സത്യമല്ലാതെ, ദിവ്യബോധനത്തിന്റെ അടിസ്ഥാനത്തില്ലല്ലാതെ സംസാരിക്കില്ല എന്ന ഉറച്ച വിശ്വാസം അവർക്കുണ്ടായിന്നു. അത് കൊണ്ട് തന്നെ ഖുർആനിലെ ഒന്നാം അദ്ദ്യായം സൂറത്തുൽ ഫാതിഹയിൽ "ഇയ്യാക്ക നഅ്ബുദു വ ഇയ്യാക്ക നസ്തഈൻ "എന്ന്  ഓതി കേൾപ്പിച്ചപ്പോൾ, അടുക്കളയിൽ ഉള്ള ഭാര്യയോട് ചായ ചോദിച്ചാൽ അത് മറ്റൊരു റൂമിൽ ഇരുന്നിട്ടാണെങ്കിൽ പോലും അത് അള്ളാഹു ഈ വാക്യത്തിൽ സൂചിപ്പിച്ച നസ്‌തഈൻ (സഹായ തേട്ടം) ആകുമോ ഒരു സഹാബിക്ക് പോലും സംശയം തോനിയില്ല. കാരണം ഒരിക്കലും പ്രാ യും അർത്ഥനയും കീറി മുറിച്ച് പ്രവാചകനെ ചോദ്യം ചെയ്ത് അള്ളാഹുവിനെ കളിയാക്കാൻ മാത്രം അഹങ്കാരികൾ ആയിരുന്നില്ല സഹാബാക്കൾ. കാരണം അവർ ഇന്നത്തെ കാലത്തെ ഈ സമുദായത്തിലെ പണ്ഢിതന്മാർ അല്ലല്ലോ?.  ദുആഅ് അഥവാ പ്രാർത്ഥന എന്താണെന്നും മനുഷ്യ ജീവിതത്തിന്റെ എല്ലാ സന്ദർഭങ്ങളിലും അത്  പ്രായാസങ്ങളിലായാലും ,പ്രതിസന്ധി ഘട്ടങ്ങളിലായാലും,സന്തോഷങ്ങളിലായാലും, സൗഭാഗ്യങ്ങളിലായാലും ഒരു വിശ്വാസി എങ്ങിനെ പ്രാർത്തിക്കണം,ഏത് വാജകങ്ങളായിരിക്കും അവന്റെ പ്രാർത്ഥനക്ക് ഉത്തമം എന്നത് വരെ പഠിപ്പിച്ച പ്രവാചകന്റെ അനുചരന്മാർക്ക്  അള്ളാഹുവിനെ സൂക്ഷിക്കുന്നതിലും ഭക്തിയിലും കുറവണ്ടായി എന്ന് വിശ്വസിക്കാമോ? ഒരിക്കലുമില്ല.

         പ്രവാചകനെ അനുസരിക്കലിലൂടെ, പ്രവാചകചര്യ പിൻപറ്റുകയും, പ്രാവർത്തികമാക്കുകയും  ചെയ്യുന്നതിലൂടെ ആവണം പ്രവാചക സ്നേഹം. അല്ലാതെ പ്രവാചക സ്നേഹത്തിന്റെ പേരിൽ നിസ്‌കരിക്കാതെ ,സക്കാത്ത് കൊടുക്കാതെ, നോബ് അനുഷ്ടിക്കാതെ, വർഷത്തിലൊരിക്കൽ റബീഉൽ അവ്വൽ മാസത്തിൽ മീലാദ് റാലി നടത്തിയത് കൊണ്ട് പ്രവാചകനോടുള്ള കടപ്പാട് തീർന്നു എന്ന്  കരുതുന്നുണ്ടങ്കിൽ നാളെ അള്ളാഹുവിനെ കണ്ട് മുട്ടുന്ന നാൾ മറക്കരുത്. പ്രവാചകന്റെ  മദ്‌ഹ് പറയുന്നതിനെ പ്രവാചകന്റെ മേൽ സലാത്ത് ചെല്ലുന്നതിനെ  വിമർശിക്കുന്നു എന്ന് പറഞ്ഞ് വേണമെങ്കിൽ നിങ്ങൾക്ക് ഇതിനെതിരെ വാളെടുക്കാം .എന്നാൽ പ്രവാചകന്റെ പേര് കേട്ടാൽ സലാത്ത് ചെല്ലാത്തവൻ പിശുക്കനാണെന്ന് പഠിപ്പിച്ച പ്രവാചക്ന്റെ പേരിൽ സലാത്ത് ചെല്ലാതിരിക്കാൻ മുസ്ലിമായ മനുഷ്യന്ന് പറ്റുമോ?. "അള്ളാഹുവും അവന്റെ മലക്കുകളും പ്രാവാചകന്റെ പേരിൽ സലാത്ത്  ചെല്ലുന്നു എന്നും ,ഓ സത്യ വിശ്വാസികളെ നിങ്ങളും പ്രവാചകന്റെ പേരിൽ സലാത്ത് ചെല്ലുവിൻ " എന്ന ഖുർആൻ വാക്യം അള്ളാഹുവിന്റെ പ്രവാചകൻ  1430 വർഷങ്ങൾക്ക് മുമ്പ് ഓതികൊടുത്തപ്പോൾ അന്ന്  അവിടെ ഉണ്ടായിരുന്ന ലക്ഷകണക്കിന്ന് സഹാബാക്കാൾ പ്രാവാചകന്റെ ഒരു വാക്യത്തിലെ ഒരു അക്ഷരം പോലും വിടാതെ നടപ്പിൽ വരുത്തിയിരുന്ന ആ സഖാക്കളിൽ ഒരാൾ പോലും സലാത്ത് നഗറുകൾ സ്ഥാപിച്ചില്ല, സലാത്ത് മജ്ലിസോ, സലാത്ത് ഹൽക്കയോ, ഉണ്ടാക്കിയതായി നമ്മുക്ക് ചരിത്രത്തിൽ കാണാൻ കഴിയില്ല. എന്തിനേറെ ഒരു വെള്ളിയാഴ്ച് രാവിൽ പോലും ഇന്ന് പല പള്ളികളിലും കാണുന്ന പോലെ ജനങ്ങൾ വട്ടത്തിലിരുന്ന് ചെല്ലുന്ന വട്ട സ്വലാത്ത് പോലും അന്നുണ്ടായില്ല. എന്താ കാരണം?.

     അള്ളാഹുവിന്റെ മലക്ക്  ജിബ്‌രീൽ (അ) മിലൂടെ  അള്ളാഹുവിറ്റെ പ്രവാചകന്ന് അള്ളാഹു കൊടുത്തയച്ച ദിവ്യ ബോധനത്തിൽ തെറ്റ് പറ്റിയെന്ന് സഹാബാക്കൾക്ക് തോന്നിയത് കൊണ്ടാണോ?. അതോ ഈ വചനം സഹാബാകിറാം കേട്ടിരുന്നില്ലെ? അതോ ഈ അള്ളാഹുവിറ്റെ വചനം കേട്ടിട്ടും  സഹാബാക്കൾക്ക് മനസ്സിലാകാത്തത് കൊണ്ടാണോ?. . എന്ത് കൊണ്ടാണ് അവർ സലാത്ത് നഗറും , മജ്ലിസും, ഹൽക്കയും, ഒന്നും ഉണ്ടാക്കാതിരുന്നത്?. എന്നാൽ അവർ സലാത്ത് ചൊല്ലിയിരുന്നില്ലെ?  തീർച്ചയായും, അവർ പ്രവാചകനെ സ്നേഹിച്ച പോലെ, അവർ പ്രവാചകന്ന് സലാത്ത് ചൊല്ലിയത് പോലെ  ഈ ലോകത്ത് വന്ന ഒരു പ്രവാചകനും അവരുടെ സമുദായം സലാത്ത് ചൊല്ലിയത് ചരിത്രത്തിൽ ദർശിക്കാൻ സാദിക്കില്ല. ഇന്ന് കാണുന്ന ഈ സലാത്ത്  മുൻഗാമികൾക്ക് പരിചയ മില്ലാത്ത സലാത്താണ് എന്ന് പറഞ്ഞാൽ അവരെ ഇസ്ലാമിന്റെ വൃത്തത്തിൽ നിന്നും പുറത്താക്കാനുള്ള വെഗ്രതയാണ് കണ്ടുവരാറ്. എന്തിലും കച്ചവട കണ്ണുള്ള ചില ഭൂലോക ബിസ്സ്നസ്സുകാർ ഇന്ന് അള്ളാഹുവിന്റെ പ്രവാചകന്റെ പേരിലുള്ള സലാത്തിനെ പോലും വിറ്റ് കാശാക്കുംബോൾ, മറ്റ് ചിലർ അള്ളാഹുവിന്റെ പ്രവാചക്ന്റെ തിരു കേശമെന്ന് തെറ്റ്  ധരിപ്പിച്ച് വിശ്വാസികളെ കബളിപ്പിച്ച് കാശുണ്ടാക്കിയത് പിടിക്കപ്പെട്ടതും നമ്മൾക്ക കാണാൻ സാധിച്ചു. എന്നിട്ടും അതിൽ  നിന്നും പാഠം ഉൾക്കൊള്ളാത്ത ആ വർഗ്ഗം പ്രവാചകന്റെ മക്‌ബറയിലെ മണ്ണാണെന്ന് പറഞ്ഞ് മറ്റൊരു കച്ചവടം പൊടി പൊടിക്കുന്നു. ബർക്കത്തിന്റെ പേര്  പറഞ്ഞ് പാവം ജനങ്ങൾക്ക്  എവിടന്നോ വാരികൊണ്ട് വന്ന മണ്ണിട്ട വെള്ളം വിറ്റ് കാശുണ്ടാക്കുന്നു.

     മദീന മുനവ്വറയിൽ അന്ത്യ വിശ്രമം കൊള്ളുന്ന തിരുമേനിയുടെ പള്ളിയിൽ നിന്നോ മക‌ബറയിൽ നിന്നോ ആർക്കും തന്നെ ഒരു തരി മണ്ണ് പോലും  ഒരിക്കലങ്കിലും കിട്ടില്ലഎന്ന സത്യം  ഒരിക്കലെങ്കിലും മദീനയിൽ പോയവർക്കറിയാം. എന്നിട്ടും നമ്മുടെ നാട്ടിൽ  മതത്തെ താറടിക്കുന്ന ഇത് പോലെയുള്ള കച്ചവടങ്ങൾ പൊടി പൊടിക്കുന്നു, അതും ഈ സമുദായത്തിലെ പണ്ഢിതന്മാർ എന്ന് പറയുന്നവർ തന്നെ. ഈ  പണ്ഢിതന്മാരൊന്നും മദീനയിൽ പോകാത്തവരോ, കാണാത്തവരോ അല്ല. അവർക്കറിയാം  മദീനയിൽ പ്രവാചകന്റെ മക്‌ബറയുടെ അരികിൽ ചെന്നാൽ പ്രവാചകന്റെ അടുത്തേക്ക് തിരിഞ്ഞ് നിന്ന് പ്രാർത്ഥിക്കാൻ പോലും ശിർക്കിനെ ഭയപ്പെടുന്ന അവിടത്തെ പണ്ഢിതന്മാർ സമ്മതിക്കില്ല എന്ന്. എന്നിട്ടും പാവപ്പെട്ട ജനങ്ങളെ നാട്ടിലെ മക്‌ബറകളിൽ നിന്നും മക്‌ബറകളിലേക്ക് സിയറത്ത് ടൂർ നടത്താനും പാവപ്പെട്ട വിവരമില്ലാത്ത വിശ്വാസികളെ അത് വഴി ചൂഷണം ചെയ്യാനും ഒരു മടിയും കാണിക്കാതെ , മതത്തെ കച്ചവടം ചെയ്യുന്ന ഈ സമൂഹത്തെ കുറിച്ച് പ്രവാചകൻ മുന്നറിയിപ്പ് നെൽകിയിട്ടുണ്ട്. അവസാന കാലത്ത് ഈ സമുദായത്തിലെ പണ്ഢിതന്മാർ അന്യായമായി ജനങ്ങളുടെ  സമ്പത്ത് തിന്നുന്നവരായിരിക്കും എന്ന്. അള്ളാഹു നമ്മെ കാത്ത് രക്ഷിക്കട്ടെ..ആമീൻ.

       ചുരുകത്തിൽ ഇസ്ലാമിലെ ആശയ ആദർശങ്ങളിൽ നിന്നും പലതിലും നമ്മൾ തെന്നിമാറാൻ തുടങ്ങിയിരിക്കുന്നുവോ എന്നത് സംശയിക്കേണ്ടിയിരിക്കുന്നു. പലപ്പോഴും പല വിഷയങ്ങളിലും പൂർവീക മാതൃക നമ്മുക്ക് നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്നു, അത് കൊണ്ട്  തന്നെയാവാം ഇന്ന് കേരളത്തിന്റെ എല്ലാ ഭാഗത്തും പ്രത്യേഗിച്ച് മലബാർ ഭാഗങ്ങളിൽ മുക്കിലും മൂലയിലും തുടരെ  തുടരെ ആദർശ വിശദീകരണ സമ്മേളനങ്ങൾ വിളിച്ച് കൂട്ടുന്നത്.  1430 വർഷങ്ങൾക്ക് മുന്നെ പ്രവാചകൻ പഠിപ്പിച്ച ആദർശം നമ്മൾ കൈവിടാതെ സൂക്ഷിച്ച് പോന്നിരുന്നെങ്കിൽ, ആ ആദർശത്തിൽ വെള്ളം ചേർന്നിട്ടില്ലായിരുന്നെങ്കിൽ ഇന്ന് പുതിയ ആദർശങ്ങൾ വിശ്വാസികൾക്ക് ഇടയിൽ വിശദീകരിക്കേണ്ടി വരില്ലായിരുന്നു. അത് കൊണ്ട് അള്ളാഹു വിന്റെയും പ്രവചകൻ (സ) യുടേയും ആദർശത്തിലേക്ക് മടങ്ങുക. ആ ആദർശത്തിൽ എന്തെങ്കിലും കൈവിട്ട് പോയെങ്കിൽ എത്രയും പെട്ടന്ന് അത് കണ്ടെത്തി എത്ഥാർത്ത മുസ്ലിമായി  ജീവിച്ച്  അള്ളാഹുവിന്റെ പ്രീതി നേടാൻ നമുക്കും എല്ലാ മുസ്ലിംകൾക്കും അള്ളാഹു തൗഫീക്ക് നെൽകി അനുഗ്രഹിക്കട്ടെ.. ആമീൻ.

     ബർകത്ത് ഏടുക്കാൻ അള്ളാഹുവിറ്റെ പ്രവാചകന്റെ തിരു ശേശിപ്പുകൾ ഇന്ന്   ഭൂമിയിൽ ഉണ്ടങ്കിൽ തന്നെ അതിന്റെ സനദും (ആധാരം) തെരഞ്ഞ് ആ പ്രവാചകനെ നിന്ദിക്കാനും തെരുവുകളിൽ അപഹാസ്യപ്പെടുത്താനും ശ്രമിക്കാതെ, പ്രവാചകൻ പറഞ്ഞതും, പ്രവർത്തിച്ചതും, അനുവധിച്ചതും, കാണിച്ചതും വള്ളി പുള്ളി വ്യത്യാസം വരുത്താതെ ജീവിതത്തിന്റെ പകർത്തി, എല്ലാ മേഖലയിലും പരമാവധി അള്ളാഹുവിനെ സൂക്ഷിച്ച് , ഇഹപര  ജീവിതത്തിൽ വിജയത്തിന്ന് വേണ്ടി നമ്മുടെ പ്രാർത്ഥന കേൾക്കുന്ന, എന്റെ അടിമ എന്നോട് പ്രാർത്ഥിച്ചാൽ ഞാൻ ഉത്തരം നെൽകും എന്നും  (ഉദ്ഊനീ ഇസ്തജിബ് ലകും) സംശയത്തിന്ന് ഇടം നെൽക്കാത്തവിധം നമ്മോട് ഉറപ്പ് തന്ന ഏക ഇലാഹിനോട് പ്രാർത്ഥിച്ച് കൊണ്ട് , ഒരിക്കൽ കൂടി അള്ളാഹു നമ്മുക്കെല്ലവർക്കും  നന്മയും അവനിൽ നിന്നുള്ള നിത്യ ശാന്തിയും നെൽകട്ടെ എന്ന് പ്രാർത്ഥിച്ച്  ഈ കുറിപ്പ്  ബൂ ലോകത്തേക്ക് യാത്രയാകുന്നു. നിങ്ങളുടെ അഭിപ്രായങ്ങളും, വിമർശനങ്ങളും പങ്ക് വെക്കുമെന്ന വിശ്വാസത്തോടെ.